Tuesday 15 March 2016

അത് അവനായിരുന്നു രഞ്ജി

നിറകണ്‍കളിലൂടെ അനുഭൂതിയുടെ മറവില്‍ എന്‍റെ ജീവിതപാത ഒരുപാട് നീണ്ട് നിന്നു. പ്രഭാതം പോലെ പുലര്‍ന്ന ഗ്രാമം പച്ചിലമേഞ്ഞ നെല്‍വയലുകളും ധാരാളം പറവകളും തികച്ചും ശാന്തമായൊരു ഗ്രാമവും, ഗ്രാമവാസികളും. ആ മനോഹാരിതയില്‍ ഞാനും വളര്‍ന്നു. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പഠിച്ചു. ഞാനറിയാതെ എന്‍റെ ഏറ്റവുമടുത്ത സുഹൃത്തായി പ്രകൃതി. എന്‍റെ ദുഃഖങ്ങളും സന്തോഷങ്ങളും അടുത്തറിയാവുന്ന എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ദുഃഖങ്ങളില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്നിലേക്ക് കുളിര് വിടര്‍ത്തിയും സന്തോഷങ്ങളില്‍ എന്‍റെ കൂടെകൂടിയും ഞങ്ങള്‍ രണ്ടും ഒന്നായി. തികച്ചും ഞാനൊരു സന്തുഷ്ടയാണ്. ലാളനയും, സ്നേഹവും ഏറെ ലഭിച്ചവള്‍. വേനല്‍ക്കാലം തീരാറായ്. മഴയെ വരവേല്‍ക്കാന്‍ ഗ്രാമങ്ങള്‍ഒരുക്കമായ്. സ്കൂളുകളടച്ച നേരം ആദ്യമായ് ഞാനെന്‍റെ ചേച്ചിയുടെ വീട്ടില്‍ താമസിക്കാന്‍ പോവുകയായിരുന്നു. വഴിയില്‍ വെച്ച് അപ്രതീക്ഷിതമായൊരു സംഭവം. ഞാനറിയാതെ എന്നെ ആരോ പിന്തുടരുന്നു. അവരെന്നെ തന്നെയാണോ പിന്തുടരുന്നത് എന്ന ആശങ്കയോടെയാണെങ്കിലും
ഞാനല്‍പം വേഗത്തില്‍ നടന്നു. അപ്പോള്‍ അവരും വേഗത കൂട്ടി. ഭയം ഉള്ളില്‍ നുഴഞ്ഞ് കയറിയത്കൊണ്ട് അടിമുടി വിറയലുണ്ടായിരുന്നു. ഭാഗ്യമാവാം ഞാന്‍ കമ്പ്യൂട്ടര്‍ ക്ലാസിലെ മാഷ് എന്‍റെ രക്ഷകനെന്ന വേഷം കെട്ടി. അതെന്‍റെ നാശമാണെന്ന് ഞാനറിഞ്ഞില്ല. കുഴിയില്‍ വീണ എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ഒരു രക്ഷകനാണെന്ന് ഞാന്‍ വിശ്വസിച്ചു. അവരറിയാത്ത വിധം എന്ന രീതിയില്‍ അവരില്‍ നിന്നും എന്നെ ഒളിപ്പിച്ചു. ആരും താമസമില്ലാത്ത ഒരു കാട്ട് പ്രദേശത്തായിരുന്നു ഞങ്ങള്‍ എത്തിപ്പെട്ടത്. ക്ഷീണംകൊണ്ടാകാം ഞാനല്പം മയങ്ങിപ്പോയി. ഒരു വാഹനത്തിന്‍റെ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. സംസാരം കേട്ടപ്പോള്‍ ജനല്‍പ്പൊളി ഞാനല്‍പ്പം നീക്കി. അത്ഭുതം. എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നെ പിന്തുടര്‍ന്ന അതേ നാശങ്ങള്‍ എന്‍റെ മാഷിന്‍റെ കൂടെ സംസാരിക്കുന്നു. എന്തൊക്കെയോ പറഞ്ഞ് ആര്‍ത്ത് ചിരിക്കുന്നു. ഞാന്‍ വഞ്ചിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ആ നരകത്തില്‍ നിന്നും രക്ഷപ്പെടണം എന്ന ചിന്തയായി. എല്ലാ വാതിലുകളും ഞാന്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷേ... എല്ലാം പൂട്ടിയിട്ടിരിക്കുന്നു. ശരിക്കും ഞാന്‍ അവര്‍ വിരിച്ച വലയില്‍ കുടുങ്ങി എന്ന് കരുതിയതാ. ഭാഗ്യമാവാം പിന്നാമ്പുറത്തുള്ള ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു ചിതലരിച്ച് വീഴാറായ വാതില്‍ ഒരല്‍പ്പം പുറത്തേക്ക് തള്ളിയിരിക്കുന്നു. ആ വാതില്‍ ഞാന്‍ പതുക്കെ എടുത്ത് മാറ്റാന്‍ ശ്രമിച്ചു. കഴിയുന്നില്ല! ഞാനൊരല്പം ശക്തിയില്‍ തുറന്നു. ഭാഗ്യം വാതില്‍ തുറക്കപ്പെട്ടു. പക്ഷേ ശബ്ദം പുറത്ത് കേട്ടിരുന്നു. ആ മുഴക്കം കേട്ട് അവര്‍ വന്നുനോക്കി. ആരെയും കാണുന്നില്ല. ഞാനൊരല്പം മാറി നിന്നു. എന്തോ ഭാഗ്യം കൊണ്ടാവാം എന്നെയാരും കണ്ടില്ല. അവര്‍ അവിടെ ഇവിടെയൊക്കെ നോക്കി ഞാന്‍ രക്ഷപ്പെട്ടെന്ന് കരുതി മറ്റെവിടെയോപ്പോയി. ആ തക്കം നോക്കി ഞാന്‍ പുറത്തിറങ്ങി. ഒരുപാട് കാടായിരുന്നു. ആ കാട്ടിലൂടെയെല്ലാം ആരും കാണാതെ ഞാന്‍ റോഡിലെത്തി. വാഹനമൊന്നും വരുന്നില്ല. മണിക്കൂറുകളോളം ഞാന്‍ ഭയഭീതി നിറഞ്ഞ മനസ്സുമായ് ആ വഴിയരികില്‍ നിന്നു. ഭാഗ്യം....! ഒരു കാര്‍ വരുന്നു. ഞാന്‍ കൈനീട്ടി. പക്ഷേ നിന്നില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന മട്ടില്‍ ഞാനവിടെ നിന്നു. അപ്പോഴതാ എന്‍റെ മനസ്സിലെ അസ്തിമിച്ചെന്ന് കരുതിയ വിളക്കിന്‍റെ തീ വീണ്ടും കത്തി. ഒരു കാര്‍ - ഞാന്‍ കൈകാട്ടി. നിര്‍ത്താതെ പോയി. പിന്നെ ഒരല്‍പ്പം പിറകോട്ടെടുത്തു. ഞാനത്ഭുതപ്പെട്ടുപോയി. കാരണം എനിക്ക് പരിചിതമായിരുന്ന എന്നെ പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്. ആരുമറിയാതെ എന്‍റെ മനസ്സില്‍ ഞാന്‍ കൊണ്ടു നടന്ന ഈ വെളിച്ചം.  അത് അവനായിരുന്നു. എന്‍റെ രഞ്ജി. പക്ഷേ അവന് എന്നെ അറിയില്ല. അവന് എന്നെ ഫോണില്‍ കൂടെയുള്ള ശബ്ദം മാത്രമായിരുന്നു പരിചിതം.
ആലോചനയില്‍ നിന്നും എന്നെ അവന്‍ തൊട്ടുണര്‍ത്തി. എന്‍റെ പ്രശ്നങ്ങള്‍ തിരക്കി. ഈറന്‍ മിഴികളോടെ, വിങ്ങലോടെ ഞാന്‍ വാക്കുകള്‍ മുഴുവിപ്പിച്ചു. എന്‍റെ വാക്കുകള്‍ കേട്ട് അവനും ദുഃഖത്തിലാഴ്ന്നു. എനിക്കൊരു സഹായമായി. അവന്‍റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. ഒരനിയനും അമ്മയുമായിരുന്നു അവിടെയുള്ളത്. എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. എന്‍റെ കഥകള്‍ കേട്ട അവര്‍ പറഞ്ഞു. ഈ അവസ്ഥയില്‍ നിന്നും കരകയറുന്നതുവരെ അവിടെ താമസിക്കാമെന്ന്. എല്ലാവരേയും പരിചയപ്പെട്ടു. പക്ഷേ ആരും എന്‍റെ പേര് ചോദിച്ചില്ല. മണിക്കൂറുകളോളമായി. രഞ്ജി എന്‍റെ അരികില്‍ വന്നിരുന്നു ചോദിക്കാന്‍ മറന്ന എന്‍റെ പേര് ചോദിച്ചു. അര്‍ച്ചന എന്നാ എന്‍റെ പേര്. ഒരല്പം മടിയോടെയാണെങ്കിലും ഞാന്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ പറഞ്ഞു. ഹോ.... നിന്‍റെ പേര് അര്‍ച്ചന എന്നാണോ? എനിക്കൊരു അഫേറുണ്ട്. അവളുടെ പേരും ഇതാ. പക്ഷേ രണ്ട് ദിവസമായി അവളുടെ മൊബൈല്‍ ഓഫാ.... ശരി ഞാന്‍ ഒന്നുകൂടി ശ്രമിച്ച് നോക്കട്ടെ. അവന്‍ അതു പറഞ്ഞ് എഴുന്നേറ്റ് പോയി ഞാനാണ് ആ അര്‍ച്ചന എന്ന് എങ്ങനെ പറയുമെന്ന ആശങ്കയിലാണ്. പെട്ടെന്ന് എന്‍റെ മൊബൈല്‍ ബെല്ലടിക്കുന്നു. രഞ്ജിയെടുത്ത് നോക്കി. അപ്പോള്‍ അവന്‍ മനസ്സിലാക്കി. അവന്‍റെ മനസ്സിലെ അര്‍ച്ചനയും ഞാനും ഒന്നാണെന്ന്. എന്‍റെ പ്രശ്നങ്ങളെല്ലാം അവന്‍ മനസ്സിലാക്കി. പിന്നീട് എനിക്ക് അവനും അവന് ഞാനുമായി. എല്ലാം പരസ്പരം മനസ്സിലാക്കിയ ഒരു ജീവിതയാത്ര....

No comments:

Post a Comment