Tuesday 15 March 2016

അണയാത്ത ദീപം

രാജേഷ് മാസ്റ്റര്‍ പതിവുപോലെ നടക്കാനിറങ്ങിയതാണ്. മാഷ് എന്‍റെ അരികില്‍ വന്നു എന്നോട് ഇത്രയും നാളെവിടെയാണെന്നും നിനക്ക് സുഖമാണോ എന്നും ചോദിച്ചു. ഞാന്‍ മറുപടി പറയുകയും ചെയ്തു.
പണ്ടത്തെപോലെയല്ല. നാടും മാഷും ഗ്രാമവുമാകെ മാറി സുന്ദരമായിരിക്കുന്നു. മാഷെ കണ്ടപ്പോള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പ്രായം കുറഞ്ഞിരിക്കുന്നു. പ്രായം എഴുപത് വയസ്സാണ്. എന്നാല്‍ ഇപ്പോഴും ചുളിവുകളില്ലാത്ത പ്രസന്ന മുഖം. അധികമൊന്നും നരച്ചിട്ടില്ലാത്ത മുടി കണ്ടാല്‍ യുവത്വം തെളിഞ്ഞ് നില്‍ക്കുന്നത് കാണാം.
മാഷിന് മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. അവരെല്ലാവരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇളയ മകന്‍ രമേഷിന്‍റെ ഭാര്യ ഊര്‍മിള നാട്ടിലുണ്ട്. അവിടെയാണ് മാഷിന്‍റെ താമസം.
തൊട്ടടുത്തുള്ള സ്കൂളില്‍ മലയാളം മാഷായിരുന്നു രാജേഷ് മാസ്റ്റര്‍, പ്രായപരിധി കഴിഞ്ഞ് അടുത്തൂണ്‍ വാങ്ങി വീട്ടിലിരിക്കുകയാണ്.
മാഷധികമൊന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല. ഇരുട്ട് മുറിയാണെങ്കിലും അധിക സമയം വായനയില്‍ സമയമൊതുക്കും. എഴുത്തും വായനയുമാണ് മാഷിന്‍റെ പ്രധാന ഹോബി. എത്രത്തോളം നാം മാഷിനെ സ്നേഹിക്കുന്നോ, അതിലുപരി മാഷ് നമ്മോട് സ്നേഹം കാണിക്കും. കളങ്കമില്ലാത്ത മനസ്സായിരുന്നു എന്നും മാഷിന്‍റേത്. ഏതൊരു മാതാപിതാക്കള്‍ക്കും മക്കള്‍ ഒരു ഭാരമായി കാണാറില്ല. എന്നാല്‍ ഏതൊരു മക്കള്‍ക്കും മാതാപിതാക്കള്‍ ഭാരമായ് തോന്നുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ഇത്തരമൊരു അവസ്ഥയിലേക്കാണ് യുവാക്കളും പോയിക്കൊണ്ടിരിക്കുന്നത്. മാഷിന്‍റെ ജന്മം എത്രയോ പേര്‍ക്ക് തണലേകീട്ടുണ്ട്. ആരോരുമില്ലാതിരുന്ന ഞങ്ങള്‍ക്ക് എല്ലാമായ മാഷ്. ഞാനിപ്പോള്‍ എല്ലാം ഓര്‍ക്കുന്നു. കോരിച്ചൊരിയുന്ന മഴ. ഞങ്ങള്‍ നാല് പേര്‍. ഞാനും ചേട്ടത്തിയും, രണ്ടനുജന്‍മാരും. എവിടെക്കെന്നില്ലാതെ കോരിചൊരിയുന്ന മഴയില്‍ ഒരുപാട് നടന്നു. നടത്തത്തിനൊടുവില്‍ പെട്ടെന്ന് മുമ്പില്‍ ഒരാള്‍ രൂപം കണ്ടു. അവര്‍ ഞങ്ങളുടെ വിശേഷങ്ങള്‍ തിരക്കി. എല്ലാമറിഞ്ഞപ്പോള്‍ മാഷിന്‍റെ കൂടെ എവിടേക്കോ പോയി. എവിടെക്കെന്നറിയില്ല. ചോദിക്കാന്‍ ഉള്ളിലൊരു ഭയം. വൈകാതെ ആ സ്ഥലമെത്തി. വളരെ സുന്ദരമായ ഒരു വീട്. മുത്തശ്ശിയും, മാഷിന്‍റെ ഭാര്യയും മാത്രമാണുള്ളത്. ഞങ്ങളുടെ സങ്കടങ്ങളില്‍ നിന്നെല്ലാം അകലാന്‍ മുത്തശ്ശിയൊരുപാട് കഥകള്‍ പറഞ്ഞുതന്നു.
ശരിക്കും ആ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ അതിരറ്റ സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു. ആ കഥകള്‍ ദുഃഖങ്ങളില്‍ നിന്നെല്ലാം ഞങ്ങളെ അകറ്റി നിര്‍ത്തി. അല്പ സമയമെങ്കില്‍ അല്പ സമയം ഞങ്ങളുടെ കണ്ണില്‍ ആനന്ദ കണ്ണീര്‍പൊഴിഞ്ഞു. ഇത്രയും സ്നേഹം ജീവിതത്തില്‍ ഇന്നേവരെ കിട്ടിയിട്ടില്ല എന്ന തോന്നല്‍ എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. മാഷിനെപ്പോലെ നല്ല മനസ്സിനുടമയായ മറ്റൊരാളെ ഈ ദേശത്തെങ്ങും കണ്ടിട്ടില്ല. അത്രയും വിശാല മനസ്കനാണ് മാഷ്. അവന്‍ ആലോചനയില്‍ നിന്നും ഉണര്‍ന്നു.
ഇപ്പോഴാണ് ഞാനോര്‍ത്തത്. ഇന്ന് ഓക്ടോബര്‍ പന്ത്രണ്ട്. മാഷിന്‍റെ ജന്മദിനം. മാഷിന് ഏറ്റവുമിഷ്ടമുള്ള പാല്‍പായസവും മുട്ടക്കേക്കുമാണ്. ജാനകിന്‍റെ കടേന്ന് മുട്ടക്കേക്കും കൊണ്ട് പാല്‍പായസവുമുണ്ടാക്കി മാഷിന് കൊണ്ടുകൊടുക്കണം. മാഷിന് അത് വലിയ ഇഷ്ടമാവും. പിറന്നാള്‍ സമ്മാനവുമായി മാഷിന്‍റെ വീട്ടില്‍ പോയി. ഞാന്‍ അല്പ സമയം പകച്ച് നിന്നുപോയി. ആള്‍ക്കൂട്ടത്തിലേക്കാണ് എന്‍റെ വരവ്. ഞാന്‍ പലരോടും ചോദിച്ചു. ആരും മറുപടി പറയുന്നില്ല. ഞാന്‍ വീട്ടിലേക്ക് കടന്ന് ചെന്നു. അപ്പോഴാണ് ഞാന്‍ ആ കാഴ്ച കാണുന്നത്. അച്ഛനില്ലാത്ത എനിക്ക് എല്ലാമായ എന്‍റെ പ്രിയപ്പെട്ട മാഷ്. ആ പാദങ്ങള്‍ ഞാന്‍ കണ്ടു. പിന്നെ വിനാര്‍ദ്രമായ ആ പുണ്യമുഖം. എന്‍റെ എല്ലാ സമനിലയും തെറ്റി. ആ നിശ്ചലശരീരം കണ്ട് പൊട്ടിക്കരഞ്ഞുപോയി.
ഈ ലോകത്ത് എന്‍റെ ദുഃഖങ്ങള്‍ പറയാന്‍ ഈ പ്രപഞ്ചം മാത്രം. ഇനി എനിക്ക് ആരുമില്ല, ഞാന്‍ ഒറ്റപ്പെട്ടു എന്ന ചിന്ത എന്‍റെ മനസ്സിനെ വീണ്ടും വീണ്ടും വേദനിപ്പിച്ചു.
എന്നും എന്‍റെ വീടിന്‍റെ നെടുന്തൂണും എന്നും ഞങ്ങള്‍ക്ക് കൂട്ടായ് അണയാത്ത ഒരു ദീപം പോലെ മാഷ് ജ്വലിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ എന്‍റെ വിശ്വാസങ്ങളെ ദൈവം പിന്തിരിപ്പിച്ചു. ഞാന്‍ ഒറ്റക്കായി, അണയാത്ത ദീപം എന്ന് ഞാന്‍ വിശ്വസിച്ച എന്‍റെ വിളക്ക് അണഞ്ഞുപോയി. ഇനി എനിക്ക് ബന്ധുവായി എന്‍റെ സങ്കടം. പറയാന്‍ എനിക്ക് ഈ പ്രപഞ്ചം മാത്രം. എങ്കിലും മാഷിന്‍റെ സ്നേഹാര്‍ദ്രമായ വാക്കുകള്‍ ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു. എന്‍റെ അണഞ്ഞ ദീപമല്ല, അണയാത്ത ദീപം എന്നും എന്‍റെ മനസ്സില്‍ ശക്തിയായി ജ്വലിക്കുന്നു.

No comments:

Post a Comment