Monday 29 February 2016

നിറകൺകളിലൂടെ

സ്നേഹ മഴ

അമ്മേ.... എന്ന വിളി കേള്‍ക്കാന്‍ കൊതിക്കുന്നവരും മകളെ... എന്ന വിളി കാതോര്‍ക്കുന്നവരും പട്ടിണി പാവങ്ങളും വലിച്ചെറിയപ്പെട്ട തരത്തില്‍ ഉണ്ടായിട്ടും ഇല്ലാതായ വൃദ്ധന്മാരും ഒരുപാടുള്ളതാണ് നമ്മുടെ കൊച്ചു കേരളം.
പ്രായത്തിന്‍റെ പക്വതയില്ലായ്മ പല ജീവിതങ്ങളേയും അപകടത്തിലാക്കാറുണ്ട്. നമ്മിലെ കൊച്ചു കൊച്ചു മോഹങ്ങള്‍ പടര്‍ന്ന് പന്തലിച്ച് ആഗ്രഹങ്ങളായ് കിട്ടിയേ തീരൂ എന്ന വാശിയില്‍ നാം ചെയ്യുന്ന എന്തും അബദ്ധമായ് മാറിയേക്കാം. നമ്മിലെ തെറ്റുകളെ നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ നാം അതിന് ശ്രമിക്കുന്നില്ല. തിരിച്ചറിവില്ലാതെ എടുത്ത് ചാട്ടം കൊണ്ട് വന്ന ഒരു ദുരന്തം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്‍റെ ജീവിതത്തിലെ കറുത്ത മുത്ത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം ക്ലാസില്‍ മിടുക്കിയായിരുന്നു. അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു. എല്ലാ പരിപാടികളിലും പങ്കുചേരും. പുസ്തകങ്ങള്‍ നന്നായി വായിക്കും. സ്കൂളിലെ യുവജനോത്സവം ഞാന്‍ കവിതാ ആലാപന മത്സരത്തിനുണ്ടായിരുന്നു. ഫസ്റ്റ് കിട്ടിയ കാരണം കൊണ്ട് സ്റ്റേജില്‍ പാടിപ്പിച്ചു. അന്നാണെന്നെ ഫിറോസ് ആദ്യമായി കാണുന്നത്. അല്ല ശ്രദ്ധിക്കുന്നത്. പിന്നീട് നിരന്തരം കാണലായി, സംസാരിക്കലായി. അതെപ്പോഴോ ഞാനറിയാതെ എന്നിലെ പ്രണയമായി. ഞാനറിയാതെ അവനെ കണ്ടുകൊണ്ടിരിക്കാന്‍ എന്‍റെ മിഴികള്‍ കൊതിച്ചു. അതില്‍ പിന്നെ ആഹ്ലാദിക്കാതെ പോവുന്ന ദിനങ്ങളില്ലായിരുന്നു. പ്രണയം ഒരു ലഹരിപോലെ എന്‍റെ ശരീരത്തില്‍ കടന്ന്കൂടി. അവനെയോര്‍ക്കാത്ത ദിനങ്ങളില്ലായിരുന്നു. ആലോചനയായിരുന്നു എന്‍റെ ഹോബി. ഒടുക്കം മാതാപിതാക്കളെയൊക്കെ വെറുപ്പിച്ച്, അവരെയെല്ലാം ഉപേക്ഷിച്ച് സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി ഞങ്ങള്‍ രണ്ട് പേരും വീട് വിട്ടിറങ്ങി. എന്‍റെ തിരിച്ചറിവില്ലായ്മ, എന്‍റെ സന്തോഷം കിനാകണ്ട് ജീവിക്കാന്‍ തുടങ്ങിയ ആ ബന്ധം ഏറെനാള്‍ നീണ്ട് നിന്നില്ല. തിരുവനന്തപുരത്ത് വെച്ച് ചെറിയ ഒരു ...... അതെന്‍റെ ജീവിതത്തിലെ വലിയ ദുരന്തമായി. അതിലെനിക്കെല്ലാം നഷ്ടപ്പെട്ടു. സുഖം, സന്തോഷം, ജീവിതം അങ്ങനെയെല്ലാം. എന്‍റെ സ്ഥിതിയറിഞ്ഞ് ഹൃദയം പൊട്ടി അമ്മ മരിച്ചു. ഭര്‍ത്താവും ഇല്ലാതായി. എന്നെന്നേക്കുമായ് ഈ ലോകത്ത് ഞാന്‍ തനിച്ചായി. ഉപദേശം അതെന്നും എന്‍റെ ശത്രുവായിരുന്നു. ഉപദേശിക്കുന്നവരും. എന്‍റെ മാതാപിതാക്കള്‍ ബന്ധുക്കള്‍ എല്ലാവരും എന്നെ സ്നേഹിച്ചു. എനിക്ക് വേണ്ട എല്ലാം തന്നു. പക്ഷേ.... ഞാനവരോട് കാണിച്ചതോ....? ഇന്നെനിക്ക് അതാലോചിക്കുമ്പോള്‍ പശ്ചാത്താപമാണ്. ഇന്നേവരെ തോന്നിയിട്ടില്ലാത്ത പശ്ചാത്താപം പക്ഷേ ഇനി അതില്‍ കാര്യമില്ല. വൈകിപ്പോയി ഏറെ....
ഇനി ഒരിക്കലും ആ സുഖവും സന്തോഷവും തിരിച്ച് കിട്ടില്ല. ആ സ്നേഹനിധിയും നഷ്ടമായി. പശ്ചാത്താപം ഇനി ഒന്നിനും പരിഹാരമാവില്ലല്ലോ?
ഇത്തരം കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ ഞാന്‍ നന്നായ് ആലോചിക്കണമായിരുന്നു. ഉപദേശം തേടണമായിരുന്നു.... ഇനി പറഞ്ഞിട്ടെന്ത് കാര്യം. പോയ നാളുകളെ തിരികെ വിളിക്കാന്‍ കഴിയില്ലല്ലോ. ജീവിതം എപ്പോഴും സന്തോഷപൂര്‍ണ്ണമാണെന്നു കരുതി ആഹ്ലാദിച്ചു കഴിഞ്ഞിരുന്ന എനിക്കിന്ന് - ദുരന്തങ്ങള്‍ മാത്രം ബാക്കി. എന്‍റെ ജീവിതത്തില്‍ ശുഭ നിമിഷങ്ങള്‍ വളരെ കുറവായിരുന്നു. ദുഃഖങ്ങള്‍ ഈ ജന്മം മുഴുവന്‍. ഇന്നെനിക്കറിയാം സ്നേഹബന്ധങ്ങളുടെ വില ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. പക്വതയില്ലായ്മ എത്രത്തോളമെന്ന്. അടുത്ത ജന്മത്തിലെങ്കിലും കൂട്ടുകുടുംബമൊത്ത് സ്നേഹത്തോടെ കഴിയണമെന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ ജീവിതം ഈ ജന്മം മുഴുവന്‍ പെയ്തൊഴിയുന്ന കണ്ണീര്‍ മഴയായിരിക്കും. എന്നാലെങ്കിലും ഞാന്‍ ഈ ജന്മം ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തവുമായിരിക്കും ഈ കണ്ണീര്‍ മഴ.

No comments:

Post a Comment