Saturday 27 February 2016

നിറകൺകളിലൂടെ

അയാള്‍ എഴുത്തുകാരന്‍

രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി എന്നതില്‍ പരം ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്‍റെ പ്രായം കൂടി വരികയല്ലെ. അധ്വാന ശേഷി കുറഞ്ഞു. ആവുന്ന കാലത്ത് എന്‍റെ മക്കളെ ഞാന്‍ പഠിപ്പിച്ചു. മൂത്തവള്‍ ടീച്ചറായി. രണ്ടാമത്തവള്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഇപ്പോള്‍ നോക്കിനില്‍ക്കാനല്ലാതെ എനിക്കൊന്നിനും ആവില്ലല്ലോ. നിര്‍മ്മല എന്‍റെ മൂത്തമകള്‍. അവളാണ് ഞാനടക്കമുള്ള ഈ വീട് നോക്കുന്നത്.
ഗൃഹച്ഛിദ്രമില്ലാതെ സമാധാനപരമായി ഞങ്ങള്‍ ജീവിതം നയിക്കുന്നു. ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് അവളെ എനിക്ക് എന്‍റെ അടുത്തെങ്ങും കാണുന്നത് തന്നെ ദേഷ്യമായിരുന്നു. കാരണം മറ്റൊന്നുമല്ല, തന്നിഷ്ടക്കാരി, ആരെങ്കിലും രണ്ട് നല്ല വാക്ക് പറഞ്ഞാല്‍ അവള്‍ക്കത് ഇഷ്ടമാവില്ല. ഉപദേശം കേള്‍ക്കുന്നത് അവള്‍ക്ക് ദേഷ്യമായിരുന്നു. തനി പിശാച് അങ്ങനെയായിരുന്നു അവളെ ഞാന്‍ വിശേഷിപ്പിക്കാറ്.
ഇപ്പോഴോ? അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പോലും കഴിയില്ല എന്ന മട്ടായി. "ദൈവത്തിന്‍റെയോരോ കളികള്‍!"
'പാവം' അവളുടെ അമ്മ. കാര്‍ത്ത്യായനി മരിച്ചതില്‍ പിന്നെ അവളുടെ കളിയും ചിരിയുമൊക്കെ അവസാനിച്ചു. ആ പഴയ ശുണ്ഠിയും തന്നിഷ്ടവുമെല്ലാം എവിടെയോ മറഞ്ഞു. എന്‍റെ മോള്‍ ആകെ മാറി!
ഈ കണ്ണുകള്‍ അടയുന്നതിന് മുമ്പ് അവളെ പൊന്നുപോലെ നോക്കുന്ന ഒരാള്‍ക്ക് കൈ പിടിച്ചേല്‍പ്പിക്കണം. എങ്കില്‍ സമാധാനമാകും, ശാന്തി ലഭിച്ച ആത്മാവിനെപ്പോലെ. തീര്‍ത്തും ഭാഗ്യരഹിതരായ എന്‍റെ മക്കള്‍ ചെറുനാളിലെ അമ്മയെ നഷ്ടപ്പെട്ട ദുരിതങ്ങള്‍ സ്വന്തമാക്കിയവര്‍. അമ്മ വേഗം കെട്ടി. വീട് വീടാക്കിയെടുത്തവള്‍. എന്നാല്‍ ഞാന്‍ അറിഞ്ഞില്ല ഭാഗ്യം കെട്ട എന്‍റെ മകള്‍ക്ക് ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുമെന്ന്!
അയാള്‍ എഴുത്തുകാരനായിരുന്നു. പോരാത്തതിന് അവളുടെ സ്കൂളില്‍ അധ്യാപകനുമാണ്. മലയാളം അധ്യാപകന്‍. അവര്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. ആരുമറിയാതെ ആരോടും പറയാതെ അവര്‍ അവര്‍ക്കായ് പണിത സ്നേഹ സൗധത്തിന്‍റെ  പടിവാതിലുകള്‍ കടന്ന് പോവാന്‍ ഞാനവരെ അനുവദിച്ചു. ഇനിയും എനിക്ക് സന്തോഷത്തോടെ മരിക്കാം. എല്ലാം ശുഭം മംഗളം.
സ്നേഹബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന ലോകത്തേക്ക് ഞാന്‍ പോകുന്നു. അവിടെനിന്ന് എന്‍റെ ദേവതയും ചരാചരദൈവങ്ങളും എന്നെ വിളിക്കുന്നു. ഞാന്‍ പോകുന്നു. 
ശുഭം മംഗളം.

No comments:

Post a Comment